Thursday, April 28, 2022

അവളും അവനും

 ഉച്ച ഭക്ഷണം കഴിഞ്ഞു തിരിച്ചു സീറ്റിൽ വന്നപ്പോഴാണ് അവൾ അവനെ കണ്ടത്. ആഴ്ചയിൽ ഒരു തവണയേ വരാറുള്ളുവെങ്കിലും അവൻ വരുന്നത് അവൾ കാത്തിരിക്കാറുണ്ടായിരുന്നു. ബാങ്കിലെ മറ്റു തിരക്കുകൾക്കിടയിൽ അവൻ വരുന്ന് ദിവസമാണ് എന്ന് അവൾ മറന്നിരുന്നു. അത് കൊണ്ട് തന്നെ അവനെ കണ്ടപ്പോൾ അതിന്റെ യാദൃശ്ചികതയിലും കൗതുകത്തിലും ഒരു നിമിഷം അവൾ മുഴുകിയിരുന്നു. അതിന്റെ ഒരു ചെറിയ പുഞ്ചിരി അവളുടെ മുഖത്ത് പടരുകയും ചെയ്തു. ആ ദിവസത്തിനെന്തോ ഒരു ഉന്മേഷം കൂടിയത് പോലെ.

---------------

ജെയിംസ് സ്കൂളിൽ നിന്ന് മക്കളെയും കൂട്ടി വീട്ടിലെത്തി. നാല് മാണി കഴിഞ്ഞതേയുള്ളൂ. നേരത്തെ വീട്ടിലെത്താൻ പറ്റുമ്പോൾ ദിവസത്തിന് ദൈർഘ്യം വളരെ കൂടിയ പോലെയും, കുറെയധികം കാര്യങ്ങൾ സാധിച്ചു തീർക്കാൻ പറ്റുന്നതിന്റെയും ഒരു സംതൃപ്തി ഉണ്ടാവും. സ്കൂളിലെ തന്നെ അക്കൗണ്ടന്റ് ആയതു കൊണ്ട് മിക്കവാറും കുട്ടികളുടെ കൂടെ തന്നെ വീട്ടിലെത്താൻ പറ്റാറുമുണ്ട്. ചിലപ്പോൾ വല്ല വര്ഷാവസാന ഓഡിറ്റോ മറ്റോ വരുമ്പോൾ മാത്രമേ വൈകാറുള്ളൂ. 

അടുക്കളയിൽ കയറി കുട്ടികൾക്ക് പാലും ബിസ്ക്കറ്റും കൊടുത്തു, രണ്ടു ചായയും ഉണ്ടാക്കി, ഒരു മൂളിപ്പാട്ട് പാടി മുറ്റത്തെ ചെറിയ തോട്ടത്തിലേക്കിറങ്ങി.

-------------- 

അവൻ ക്യൂവിൽ അവസാനമായിരുന്നു. അവളുടെ വിൻഡോയിൽ എത്തിയപ്പോൾ അടുത്തിരുന്ന ശ്രീകുമാർ അവളെയും അവനെയും നോക്കി അറിഞ്ഞൊരു ചിരി ചിരിച്ചത് അവൾ കണ്ടു. അവൻ ഡെപ്പോസിറ് ചെയ്യാനുള്ള പണം കൊടുത്തു, അവൾ രശീതി എഴുതുന്നതിനിടയിൽ, അവൾക്കു ഒരു ചെറിയ ഡയറിമിൽക്ക് നീട്ടി. അവൾ തെല്ലൊരു നാണം കളർന്നുള്ള ചിരിയോടെ അത് വാങ്ങി ബാഗിനുള്ളിൽ ഇട്ടു. ശ്രീകുമാർ പതിവ് പോലെ അത് കണ്ടില്ലെന്നു നടിക്കുകയും ചെയ്തു.

അവൻ തിരിഞ്ഞു നടക്കുമ്പോൾ അവൾ കസേലയിലേക്കു ചാരിയിരുന്നു അവൻ പോകുന്നത് ഇത് വരെ കാണാത്തതു പോലെ നോക്കിയിരുന്നു.

-----------------

കുട്ടികളുടെ ഹോംവർക് നോക്കുന്നതിനിടയിലാണ് ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടത്. ജെയിംസ് ക്ലോക്കിലേക്കൊന്നു നോക്കി. ആറു മണിയാവാറായിരിക്കുന്നു. ശ്രീജ വസ്ത്രം മാറ്റി കുട്ടികളോട് വർത്തമാനം ഒക്കെ പറഞ്ഞു വരുമ്പോഴേക്കും ജെയിംസ് ചായ ചൂടാക്കി. രണ്ടു ചെറിയ ഊത്തപ്പവും ഉണ്ടാക്കി. അടുക്കള തിട്ടിൽ  ചാരി നിന്ന് ആലോചനയിൽ മുഴുകി ഊത്തപ്പം തിന്നുന്ന ശ്രീജയെ നോക്കി നിന്നു. പതിനഞ്ചു വര്ഷം! എത്ര പെട്ടെന്നാണ് പോയത്! തന്നെ നോക്കി ചിരിച്ചു നിൽക്കുന്ന ജെയിംസിന് നേരെ ശ്രീജ പുരികമൊന്നുയർത്തി. ഒന്നുമില്ലെന്ന മട്ടിൽ ജെയിംസ് തലയാട്ടി. ഇരുവരും അടുക്കളപ്പണിയിലും കുട്ടികളുടെ കാര്യങ്ങളിലേക്കും തിരിഞ്ഞു.

------------------

പത്തു മണിയോടെ ടീവി ഓഫ് ആക്കി. കുട്ടികൾ നേരത്തെ ഉറങ്ങിയിരുന്നു. കിടക്കയിൽ ഇരുന്നു പുസ്തകം വായിക്കുന്ന ജെയിംസിനോട് കുറച്ചൊരു കുസൃതിയോടെ അവൾ ചോദിച്ചു - "ചോക്ലേറ്റ്  തന്നാൽ മാത്രം മതിയോ? പങ്കു വേണ്ടേ?". പുസ്തകം മടക്കി വച്ച് അവൻ ഒരു പുഞ്ചിരിയോടെ അവൾ നീട്ടിയ ചോക്ലേറ്റ് വാങ്ങി അവൻ അവളെ തന്നിലേക്കടുപ്പിച്ചു ഒരുമ്മ വച്ചു.


No comments:

Post a Comment